നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുക; പ്ലാസ്റ്റിക്ക് കത്തിക്കാതിരിക്കുക

12th March, 2015

ഇക്കഴിഞ്ഞ ഡിസംബര്‍ 31ന് രാത്രി എന്റെ അച്ഛന്‍ മരിച്ചു പോയി. ആറു ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്റെന്‍സീവ് റെസ്പിറേറ്ററി കെയര്‍ യൂണിറ്റില്‍ മിനി വെന്റിലെറ്ററിലും അല്ലാതെയുമായി പ്രാണന് വേണ്ടി നിരന്തരം ശ്രമിച്ച ശേഷം നിസ്സഹായനായി മടങ്ങുകയായിരുന്നു അച്ഛന്‍.

മരിക്കുമ്പോള്‍ എഴുപത്തി രണ്ടു വയസ്സായിരുന്നു അച്ഛന്റെ പ്രായം. ദീര്‍ഘകാലത്തെ നിരന്തരമായ പുകവലി കാരണം ഒരു ശ്വാസകോശം ഏതാണ്ട് ഉപയോഗശൂന്യമായിരുന്നു. ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മൊണറി ഡിസീസ് അഥവാ (C.O.P.D)  എന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ രോഗാവസ്ഥയില്‍ ആയിരുന്നു അച്ഛന്‍.

കഴിഞ്ഞ പത്തു വര്‍ഷങ്ങളായി വളരെ കരുതലോടെ പുകവലി കുറച്ചു കൊണ്ട് വരികയും ഡോക്ടറുടെ നിര്‍ദേശപ്രകാരം മുടങ്ങാതെ മരുന്ന് കഴിക്കുകയും ഒക്കെ ചെയ്തിരുന്നു. രണ്ടു വര്‍ഷം മുന്നേ, കേടായ ശ്വാസകോശം നീക്കം ചെയ്യണമെന്ന ഒരവസ്ഥ വന്നു. ഡോക്ടര്‍മാര്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു. നീക്കം ചെയ്തത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല; ചിലപ്പോള്‍  സ്ഥിതി കൂടുതല്‍ വഷളാകാം. പ്രായവും രോഗത്തിന്റെ പഴക്കവും മാനിച്ചു ഒടുവില്‍ ശ്വാസകോശം നീക്കേണ്ട എന്ന തീരുമാനത്തില്‍ എത്തുകയും കുറേക്കൂടി സൂക്ഷിച്ചാല്‍ എട്ടോ പത്തോ വര്‍ഷം കൂടി ജീവിച്ചു പോകാന്‍ കഴിഞ്ഞേക്കും എന്നും പറഞ്ഞു.

അപ്പോഴേക്കും പുകവലി പൂര്‍ണമായും നിര്‍ത്തിയിരുന്നു. വീട്ടില്‍ വറുക്കുന്നതും പൊരിക്കുന്നതും അപൂര്‍വമായി. സന്ധ്യാനേരം വിളക്കിനൊപ്പം ചന്ദനത്തിരി കത്തിക്കാതായി. കൊതുക് തിരി ഉപേക്ഷിച്ചു. പകല്‍ സമയങ്ങളില്‍ പരമാവധി മാസ്ക് ധരിച്ചു. വീട്ടില്‍ നിന്നും അധികം ദൂരെ യാത്ര പോകുന്നത് ഒഴിവാക്കി. ഭക്ഷണത്തിലും ശ്രദ്ധിച്ചു. ഇത് അച്ഛന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനു വളരെ അധികം സഹായിച്ചു. എന്ന് മാത്രമല്ല ഡോക്ടറെ കാണുന്നത് കുറയ്ക്കാനുമായി.  അന്തരീക്ഷത്തില്‍ പുകയോ പൊടിയോ കൂടിയാല്‍ അപ്പോള്‍ അച്ഛന്  ഒരാഴ്ചയിലധികം നീളുന്ന കടുത്ത ചുമയും ശ്വാസംമുട്ടലും ആയിരിക്കും.

മരണത്തെ ഏറെ ഭയപ്പെട്ടിരുന്നു അച്ഛന്‍. ജീവിച്ചു പോകണം എന്നല്ലാതെ വലിയ ആഗ്രഹങ്ങളൊന്നും ഇല്ലായിരുന്നു. ഞങ്ങളുടെ സ്വന്തമായുള്ള വീട് ഒറ്റ മേല്‍ക്കൂരയ്ക്കു കീഴില്‍ ഒരു വരിയായി നാലഞ്ചു വീടുകള്‍ ചേര്‍ന്നതാണ്. അത് കൊണ്ട് തന്നെ എത്ര ശ്രദ്ധിച്ചാലും അയല്‍ വീടുകളിലെ പുകയും പൊടിയും പ്രശ്നം ഉണ്ടാക്കാം. പിന്നെ വീടിരിക്കുന്ന സ്ഥലവും അത്ര നന്നല്ല. അങ്ങനെ കുറച്ചു കൂടി സൌകര്യമുള്ള ഒരു വാടക വീട്ടിലേക്കു താമസം മാറി. അധികം ചൂട് തട്ടാത്ത നിറയെ തണലുള്ള ഒരു വീട്. കാര്യങ്ങള്‍ വലിയ കുഴപ്പമില്ലാതെ രണ്ടു വര്‍ഷം പോയി.

അയല്‍പ്പക്കത്താരെങ്കിലും മാലിന്യങ്ങള്‍ കത്തിക്കുകയാണെങ്കില്‍ അച്ഛന്‍ അവരോടു അരുതെന്ന് പറയുമായിരുന്നു. അത് വകവെക്കാതെ കത്തിക്കുന്നവരോട് ആശുപതിയില്‍ പോയി വന്ന ശേഷം യാചനാ സ്വരത്തില്‍  അച്ഛന്‍ അപേക്ഷിക്കുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ നവംബറില്‍ അയല്പക്കത്തൊരു വീട്ടില്‍ പെയിന്റിംഗ് ആയിരുന്നു. പെയിന്റിംഗിനു ശേഷം ചവറുകളും പെയിന്റു തുടച്ച തുണികളും കടലാസും പ്ലാസ്റ്റിക്കുകളുമൊക്കെ അവരുടെ പറമ്പില്‍ തന്നെ ഒരു കുഴിയെടുത്തു അതിനുള്ളില്‍ കത്തിച്ചു. അപ്പോള്‍ തന്നെ അച്ഛന് ചുമ തുടങ്ങി. അവരോടു തീയണക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ അന്നും അതിനടുത്ത ദിവസങ്ങളിലും ഈ കത്തിക്കല്‍ തുടര്‍ന്നു. അതിനു ശേഷം തുടങ്ങിയ ചുമയും ശ്വാസം മുട്ടലും അസുഖങ്ങളും നാള്‍ക്കു നാള്‍ കൂടി കൂടി വന്നു. ആഴ്ചയില്‍ രണ്ടും മൂന്നും ദിവസം ഡോക്ടര്‍മാരെ കാണേണ്ട അവസ്ഥയിലായി. ശരീരം പെട്ടെന്ന് ക്ഷീണിച്ചു. ഒടുവില്‍ ക്രിസ്മസിന്റെ പിറ്റേന്ന് ഡോക്ടറെ കാണാന്‍ പോയ അച്ഛനെ അവര്‍ അവിടെ നിന്നും മെഡിക്കല്‍ കോളെജിലേക്ക് വിട്ടു.


Article Archives

2018
2017
2016
2015
2014
2013