കേരളത്തിലെ കക്കൂസ് മാലിന്യങ്ങള്‍ - പോംവഴികള്‍

9th May, 2013

കേരളത്തിലെ കക്കൂസ് മാലിന്യങ്ങൾ (പൊതുവിൽ സ്യൂവേജ് മാലിന്യങ്ങൾ, ഇതിൽ ഇപ്പോൾ കക്കൂസ് മാലിന്യങ്ങളെ (ബ്ലാക്ക്‌ വാട്ടർ ) കൂടാതെ മറ്റിടങ്ങളിൽ നിന്നുള്ള മലിന ജലവും (ഗ്രേ വാട്ടർ ) ഉൾപ്പെടുന്നു) സുരക്ഷിതമായി സംസ്കരിക്കാനുള്ള സംവിധാനങ്ങൾ ഇല്ലാത്തതിന്റെ പേരില് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഇക്കഴിഞ്ഞ ദിവസം അപഹസിക്കപ്പെട്ട വാര്ത്ത ഏറെ ചര്ച്ച ചെയ്യപ്പെട്ടിരുന്നല്ലോ?

കേരളം പോലെ സമ്പൂർണ സാക്ഷരത നേടിയ ഒരു സംസ്ഥാനത്തിൽ ഇപ്പോഴും കക്കൂസ് മാലിന്യങ്ങൾ പ്രാകൃതമായി, അശാസ്ത്രീയമായി കൈകാര്യം ചെയ്യപ്പെടുന്നു എന്നത് തന്നെയാണ് സുപ്രീം കോടതിയുടെ വിമർശത്തിനു കാഠിന്യം നല്കിയത്.

വലിയ ചെലവു വരുന്ന അത്യാധുനിക സംവിധാനങ്ങൾ ഉള്ള വലിയ പ്രൊജെക്ടുകൾ ക്കായി മാറി മാറി വന്ന സർകാരുകൾ ഒരുപാട് സമയം പാഴാക്കിയത് തന്നെയാണ് പ്രശ്നം സങ്കീർണ്ണമാക്കിയതെന്നതിൽ സംശയമില്ല. വികസന പദ്ധതികള്ക്ക് തുടർച്ച ഇല്ലാതെ പോയതും അനുപൂരകങ്ങളാവേണ്ട പദ്ധതികൾ സമയത്ത് നടപ്പിലാക്കാത്തതും കാരണങ്ങൾ തന്നെ. ഭൂമിയുടെ തുണ്ട് വല്ക്കരണം വളരെ വേഗം നടന്നുകൊണ്ടിരിക്കുകയും വീടുകളുടെ എണ്ണം വളരെ വേഗത്തിൽ കൂടി ക്കൊണ്ടി രിക്കുന്നതുമായ കേരളത്തിൽ കക്കൂസുകളുടെ വ്യാപനം ഏതാണ്ട് 100 ശതമാനത്തിനു അടുത്താണ്. കുടി വെള്ളത്തിന്‌ കിണറുകളെ ഏറെ ആശ്രയിക്കുന്ന കേരളത്തിൽ കിണറുകളുടെ എണ്ണവും സാന്ദ്രതയും കൂടുതലാണ്. എന്നാൽ ഇപ്പോഴും കേരളത്തിൽ വിരലിൽ എണ്ണാവുന്ന നഗരങ്ങളിലെ വളരെ കുറച്ചു ഭാഗങ്ങളിൽ മാത്രമേ മലിനജലവും കക്കൂസ് മാലിന്യങ്ങളും ശേഖരിച്ചു കൈകാര്യം ചെയ്യുന്നതിനുള്ള സ്യൂവേജ് സംവിധാനം ഉള്ളൂ എന്നത് കൂടി ആലോചിക്കുമ്പോഴാണ് പ്രശ്നത്തിന്റെ വ്യാപ്തി ബോധ്യമാവുക. അതിനോടൊപ്പം ഇന്ന് നമ്മുടെ നാട്ടിലെ ഫ്ലാറ്റുകളിൽ നിന്നും വീടുകളിൽ നിന്നും ഹോടെലുകളിൽ നിന്നും ടാങ്കർ ലോറികളിൽ ശേഖരിച്ചു കൊണ്ട് പോകുന്ന മലിന ജലം എവിടെയാണ് എങ്ങനെയാണ് സംസ്കരിക്കുക എന്ന് കൂടി ആലോചിക്കുമ്പോൾ നമ്മുടെ നിലവിലുള്ള ശുദ്ധ ജല സ്രോതസ്സുകളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ഒരു ധാരണ നമുക്ക് ലഭിക്കും. കേരളത്തിലെ പൊതു ജനാരോഗ്യത്തിനും പരിസ്ഥിതിയുടെ ആരോഗ്യത്തിനും മേലെ കക്കൂസ് മാലിന്യങ്ങൾ ഉള്പ്പെടെയുള്ള ദ്രവ മാലിന്യങ്ങൾ ഉയർത്തുന്ന ഭീഷണിയുടെ നിഴലിന്റെ ആഴവും പരപ്പും കണ്ടിട്ട് തന്നെ ആയിരിക്കണം സുപ്രീം കോടതി അത്തരത്തിൽ ഒരു പരാമര്ശം നടത്തിയത്.

ഭൂ പ്രകൃതിയുടെ പ്രത്യേകത കൊണ്ടും, ഭൂ ലഭ്യതയിലെ തടസ്സങ്ങൾ കൊണ്ടും

സർവ്വോപരി ഉയർന്ന ജന സാന്ദ്രത കൊണ്ടും കേന്ദ്രീകൃത ദ്രവ മാലിന്യ സംവിധാനം കേരളത്തിൽ ഫലപ്രദമായി നടപ്പിലാക്കുക ദുഷ്ക്കരമാണ്. ടൌണ്‍ പ്ലാനിങ്ങിന്റെ ഭാഗമായി ഉരുത്തിരിഞ്ഞു വരേണ്ട സംവിധാനം പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാതിരുന്നതും ഉണ്ടായിരുന്ന ടൌണ്‍ പ്ലാൻ പ്രകാരമുള്ള നിർദേശങ്ങൾ മറികടന്നുള്ള നിർമാണ പ്രവര്ത്തനങ്ങളും ഒക്കെ വലിയ തടസ്സം സൃഷ്ടിക്കും.

പ്രശ്നത്തിന്റെ അടിയന്തിര സ്വഭാവം കണക്കിലെടുത്ത് ഉടനെ എന്തെങ്കിലും ചെയ്തു പ്രശ്നം ലഘൂകരിക്കാൻ ആണ് നാം ഇപ്പോൾ ശ്രമിക്കേണ്ടത്. ദീർഘ കാലാടിസ്ഥാനത്തിൽ ടൌണ്‍ പ്ലാനിംഗ് കാര്യക്ഷമം ആക്കുകയും അതിലുള്ള നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യുക വഴി ഭാവിയിലെ പ്രശ്നങ്ങൾ ഒഴിവാക്കാം. പക്ഷെ ഹ്രസ്വ കാലത്തേക്ക് ഇപ്പോഴുള്ള പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം ആണ് വേണ്ടത്.

നിലവിൽ വീടുകൾക്കും സ്ഥാപനങ്ങൾക്കും ‘സെപ്റ്റിക് ടാങ്ക്’ എന്ന പേരിൽ ഒരു ടാങ്ക് ഉണ്ട് എന്നതൊരു സാധ്യത ആണ്. ഇവയിൽ പലതും ശാസ്ത്രീയമായി സെപ്റ്റിക് ടാങ്ക് അല്ല. ബഹു ഭൂരിപക്ഷം സെപ്റ്റിക് ടാങ്കുകളും ഭൂമിയുടെ പ്രത്യേകത കൊണ്ട് കാര്യ ക്ഷമവും അല്ല. ഇപ്പോൾ നഗരസഭകളിൽ കക്കൂസ് മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള ഹെവി ഡ്യൂട്ടി വാക്വം പമ്പും ടാങ്കെരുകളും ഉണ്ട് എന്നതും ഒരു സാധ്യത ആണ്. കൂടാതെ നിറഞ്ഞു കിടക്കുന്ന സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനു പണം മുടക്കാൻ മലയാളി ഇപ്പോൾ സന്നദ്ധനും ആണ്. നമുക്ക് ഇപ്പോൾ ഇല്ലാത്തത് ഇങ്ങനെ ശേഖരിക്കപ്പെടുന്ന മലിന ജലം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനം ആണ്. നഗര സഭകളും മറ്റു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഒന്ന് മനസ്സ് വെക്കുകയാണെങ്കിൽ ഇതൊരു അവസരം ആക്കി മാറ്റാം.

ദ്രവ മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ജൈവ ഘടകങ്ങളാൽ സമ്പുഷ്ടമാണ്. ഇവയെ സംസ്കരിക്കുക വഴി ദ്രവ മാലിന്യ ശുദ്ധീകരണത്തിൽ ഒരു വലിയ കടമ്പ കടക്കാം. അനെരോബിക് ഡൈജെഷൻ ഇവിടെ പ്രയോജനപ്പെടുത്താവുന്നതാണ്. നിലവിലുള്ള ബയോഗ്യാസ്‌ പ്ലാന്റുകളിൽ ആവശ്യമുള്ള മാറ്റങ്ങൾ വരുത്തി ഇതിനു ഉപയോഗിക്കാവുന്നതാണ്. അതിനു ശേഷം പുറത്തു വരുന്ന ദ്രവ മാലിന്യത്തെ നിലവിലുള്ള മറ്റു സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ശുദ്ധീകരിക്കുകയും ചെയ്യാം. ഇങ്ങനെ ലഭിക്കുന്ന ശുദ്ധീകരിച്ച ജലം കൃഷിയിടങ്ങളിലോ, നിർമാണ മേഖലയിലോ മറ്റോ ഉപയുക്തമാക്കാവുന്നതാണ്. ഉല്പാദിപ്പിക്കപ്പെടുന്ന ജൈവ വാതകം വൈദ്യുതി ഉല്പാദനതിനൊ മറ്റു ഊര്ജാവശ്യങ്ങൾക്കോ ഉപയോഗിക്കാവുന്നതാണ്. ദ്രവ മാലിന്യ പരിപാലനത്തിന്റെ ഫലമായി ചെറിയ അളവിലാണെങ്കിലും ഖര മാലിന്യങ്ങൾ അവശേഷിക്കും. അവയുടെ പരിശോധന നടത്തി രാസ മാലിന്യങ്ങൾ ഇല്ല എങ്കിൽ കംപോസ്ടിനോപ്പം വളമായി ചേർക്കുകയോ അല്ലെങ്കിൽ നിർമാണ പ്രവർത്തനങ്ങളിൽ ഫില്ലെർ ആയി ഉപയോഗിക്കുകയോ ചെയ്യാം. രാസ മാലിന്യങ്ങളുടെ അളവ് കൂടുതലായി കാണുകയാണെങ്കിൽ അവയെ നിർവ്വീരീകരിച്ച ശേഷം സുരക്ഷിതമായി നിർമാർജനം ചെയ്യേണ്ടതുണ്ട്.

ഈ സംവിധാനത്തിലേക്ക് ദ്രവ മാലിന്യങ്ങൾ എത്തിക്കുന്നവരിൽ നിന്നും ഒരു തുക ഫീസ്‌ ആയി ചുമതാവുന്നതാണ്.

അമേരികയിൽ കാലിഫോർണിയ സംസ്ഥാനത്തിൽ സാൻ ഫ്രാൻസിസ്കോ നഗരത്തിനു അടുത്ത് ഈസ്റ്റ്‌ ബേ മുനിസിപൽ യൂട്ടിലിട്ടി ഡിസ്ട്രിക്റ്റ് (e b m u d . com ) ഇത്തരത്തിലൊരു വലിയ പദ്ധതി വിജയകരമായി നടത്തി വരുന്നുണ്ട്.

കുറഞ്ഞ മുതൽ മുടക്കും ഭൂമിയും ആവശ്യമുള്ള ഈ പദ്ധതി വികേന്ദ്രീകൃതമായി നടപ്പിലാക്കാവുന്നതെയുള്ളൂ.

പരിശീലനവും സാങ്കേതിക വൈദഗ്ധ്യവും പരിജ്ഞാനവും ഉള്ളവരെ വേണം ഇത്തരം പദ്ധതികളിൽ നിയമിക്കേണ്ടത്. പൊതു കക്കൂസുകൾ പ്രവർത്തിപ്പിക്കുന്ന പോലെയാണ് ഇവയുടെയും നടത്തിപ്പ് എങ്കിൽ മറ്റൊരു വിലപ്പിൽശാല ആയിരിക്കും ഫലം. പൊതു ജനങ്ങളിൽ വിശ്വാസ്യത ഉറപ്പു വരുത്തുന്നതിന് ഇതിന്റെ ചെറിയ മാതൃകകൾ സർക്കാർ ഓഫീസുകളിലും മറ്റു സ്ഥലങ്ങളിലും ആദ്യം വിജയകരമായി നടപ്പിലാക്കി കാണിക്കേണ്ടതും അത്യാവശ്യമാണ്.

Article Archives

2018
2017
2016
2015
2014
2013