വലിച്ചെറിയുന്നതിനു മുമ്പ് സഹജീവികളെക്കുറിച്ചു കൂടി ഒന്നാലോചിച്ചു നോക്കൂ

25th September, 2015

കുറച്ചു കൊല്ലങ്ങള്‍ക്ക് മുമ്പുള്ള ഒരു അനുഭവം. കൃത്യമായി പറഞ്ഞാല്‍ പന്ത്രണ്ടു വര്‍ഷം മുമ്പേ ഞാന്‍ മാലിന്യത്തിന്റെ ലോകവുമായി പരിചയപ്പെട്ടു തുടങ്ങുന്ന കാലം. മാലിന്യ നിര്‍മാര്‍ജന പ്ലാന്റുകള്‍ എന്ന പരമ്പരാഗത സങ്കല്‍പ്പത്തിനു ബദലായി കേരളത്തില്‍ ആദ്യമായി റിസോര്‍സ് റിക്കവറി സെന്ററുകള്‍ എന്ന ആശയം തണല്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന കാലം. മാലിന്യത്തിന്റെ സ്വഭാവം കുറച്ചു കൂടി അടുത്തു മനസ്സിലാക്കുന്നതിനു വേണ്ടി ഏതാണ്ട് ഒരു വര്‍ഷത്തോളം ഒരു റിസോര്‍സ് റിക്കവറി സെന്ററില്‍ ഞാന്‍ പണി എടുത്തിരുന്നു. ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഒരു പ്രൊഫഷണല്‍ കോളേജ്. വനിതകള്‍ക്കും പുരുഷന്മാര്‍ക്കും ഉള്ള ഹോസ്‌റ്റെലുകള്‍, അധ്യാപക-അനധ്യാപകര്‍ക്കുള്ള ക്വാര്‍ട്ടെഴ്‌സുകള്‍ എന്നിവയൊക്കെ ഉള്ള ഒരു ക്യാമ്പസ്. ദിനംപ്രതി ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ഏതാണ്ട് ഇരുന്നൂറു കിലോ ജൈവ മാലിന്യങ്ങളും മുപ്പതു മുതല്‍ അമ്പതു കിലോ വരെ അജൈവ മാലിന്യങ്ങളും ഉണ്ടാകുന്നുണ്ടിവിടെ. ഈ മാലിന്യങ്ങള്‍ റിസോര്‍സ് റിക്കവറി സെന്ററില്‍ എത്തുന്നു. ജൈവ മാലിന്യങ്ങള്‍ ബയോഗ്യാസ് പ്ലാന്റിലേക്കും കമ്പോസ്റ്റ് പിറ്റിലേക്കും പോകുന്നു. അജൈവ മാലിന്യങ്ങള്‍ തരം തിരിച്ചു അവിടെ സൂക്ഷിച്ചുവെക്കുകയും മാസത്തില്‍ ഒരിക്കല്‍ ആക്രി കച്ചവടക്കാര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു.

മിക്കവാറും എല്ലാ ദിവസവും ഞാന്‍ റിസോര്‍സ് റിക്കവറി സെന്ററില്‍ എത്തുകയും അവിടെ പണിയെടുക്കുന്ന ഒരു ചേച്ചിയെ മാലിന്യങ്ങള്‍ തരം തിരിക്കുന്നതിനും, ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിനും സഹായിക്കുകയും ചെയ്യുമായിരുന്നു. ധാരാളം പുസ്തകങ്ങള്‍, ചെരുപ്പുകള്‍, പലതരം ഉപകരണങ്ങള്‍ ഒക്കെ ഈ റിസോര്‍സ് റിക്കവറി സെന്ററില്‍ മാലിന്യങ്ങളുടെ കൂടെ ഉപേക്ഷിക്കപ്പെട്ട് എത്തുമായിരുന്നു. എനിക്ക് പ്രയോജനപ്പെടുന്ന വസ്തുക്കള്‍, പുസ്തകങ്ങള്‍ ഒക്കെ അവിടെ ചെറിയ വില കൊടുത്ത് ഞാന്‍ കൊണ്ട് പോകുകയും ചെയ്യുമായിരുന്നു. 

ഒരിക്കല്‍ സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കുള്ള പഠന സഹായികളായ കുറെ പുതിയ പുസ്തകങ്ങള്‍ മാലിന്യങ്ങളോടൊപ്പം അവിടെ എത്തി. വളരെ താത്പര്യത്തോടെ ആ പുസ്തകങ്ങള്‍ ഞാന്‍ എടുത്തു പേജുകള്‍ മറിച്ചു നോക്കുമ്പോള്‍ ഒന്നൊഴിയാതെ എല്ലാ പേജുകളും ബ്ലേഡ് കൊണ്ട് വരഞ്ഞു കീറിയിരിക്കുന്നു. പുതിയ പുസ്തകങ്ങളാണ്. ലക്ഷണം കണ്ടിട്ട് ഒന്നോ രണ്ടോ തവണ മറിച്ചു നോക്കിയിട്ടുണ്ടാവണം; അത്ര തന്നെ. ഒരാഴ്ച കഴിഞ്ഞ്, ഒരു ദിവസം ഭംഗിയുള്ള ഒരു ടേപ്പ് റിക്കോര്‍ഡര്‍ അവിടെ മാലിന്യങ്ങള്‍ക്കൊപ്പം എത്തിയിട്ടുണ്ട്. റിപ്പയര്‍ ചെയ്തു എടുക്കാന്‍ പറ്റിയതാണോ എന്ന് പരിശോധിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിലായത് ആരോ ബോധപൂര്‍വ്വം തറയില്‍ ഇട്ട് അതിനെ ചവിട്ടി പൊട്ടിച്ചതാണ്. റിപ്പയര്‍ ചെയ്യുക ലാഭകരമല്ല. ഞാന്‍ അത് അവിടെത്തന്നെ ഉപേക്ഷിച്ചു. കുറെ ദിവസം കൂടി കഴിഞ്ഞു കാണണം ഭംഗിയുള്ള ഒരു ടേബിള്‍ ലാമ്പ് ഒടിഞ്ഞു തൂങ്ങി അവിടെ ഇരുപ്പുണ്ട്. യാദൃശ്ചികമായി ഒടിഞ്ഞതല്ല, ആരോ മനപ്പൂര്‍വം കഷ്ടപ്പെട്ട് ഒടിച്ചതാണ്. 


Original Source   azhimukham.com

Article Archives

2018
2017
2016
2015
2014
2013